Wednesday, January 30, 2008

നിറങ്ങള്‍...






ജീവിതത്തില്‍ നിന്ന് വര്‍ണങ്ങള്‍ എല്ലാം പടിയിറങ്ങിപ്പോയെന്നു
നമ്മളില്‍ ചിലരെങ്കിലും വല്ലാതെ സങ്കടം അഭിനയിച്ചു പറയും...

പൂക്കളില്ല , പൂമ്പാറ്റയില്ല, ഓണമില്ല ആഘോഷങ്ങളില്ല.. ശരിതന്നെ.
ഭൂമിയിലെ കാഴ്ചകളെല്ലാം വേണ്ടാന്ന് വെച്ചിട്ട് നാം നിറങ്ങളുടെ
ആഘോഷങ്ങളിലേക്ക് മനസ്സുമാറി..! മാഞ്ഞുപോയത് നന്മയുടെ നിറങ്ങള്‍.
അത് പൂക്കളായും, പൂമ്പാറ്റആയും, പ്രണയമായും
പുഞ്ചിരിയുമൊക്കെയായി കാഴ്ചകളില്‍ നമ്മോടോപ്പമുണ്ടായിരുന്നു.
കണ്ണിനു മുറിവേല്‍പ്പിക്കാത്ത ഇളം നിറങ്ങളൊക്കെ നമുക്കു വേണ്ടന്നായോ?
എല്ലാത്തിനും കടുപ്പം...!
കാലം ജീവിതങ്ങള്‍ക്ക് മേല്‍ കയറ്റിവച്ചതും ഇതേ കടുപ്പം തന്നെ!.
വസ്ത്രങ്ങളിലെല്ലാം നിറങ്ങള്‍... പ്രിന്റുകളിലൂടെ
ചാനലുകളില്‍ നിറങ്ങളുടെ ആറാട്ട്‌.
പുതിയ വീടുകളുടെ പെയിന്റിംഗ് പോലും കടുംപച്ച, വയലറ്റ്, കടുംമഞ്ഞ, കടുംനീല..
കാറുകള്‍ കളിപ്പാട്ടങ്ങള്‍ പോലെ നൂറു വര്‍ണങ്ങളില്‍..
ഡിസൈനര്‍ ബസുകള്‍.. ഫ്ലയ്ടുകള്‍ക്ക് പോലും വര്‍ണപ്പകിട്ട്...!
പിന്നെ ജീവിതത്തിന്‍റെ വര്‍ണങ്ങള്‍ എല്ലാം മാഞ്ഞുപോയെന്ന വിലാപമെന്തിനു?
പെരുമ്പറ മുഴക്കങ്ങളില്‍ കേള്‍ക്കാതെ പോകുന്ന മര്‍മരങ്ങള്‍.
ബഹളങ്ങളില്‍ മറഞ്ഞുപോകുന്ന മുഖങ്ങള്‍ ... കൂട്ടങ്ങളെ നമ്മള്‍ ‍കാണുന്നുള്ളൂ.
കുഴല്‍വിളികളെ കേള്‍ക്കുന്നുള്ളൂ. അകത്ത് എന്താകിലെന്ത്..
മറവി അനുഗ്രഹംതന്നെ.
വേദനകള്‍ക്ക്‌ മീതെ കൊച്ചുകൊച്ചു സന്തോഷങ്ങളുടെ ചെറു പൂക്കാലം വരും.
പക്ഷെ മനപൂര്‍വ്വം മറന്നുപോകുന്നതിനു എന്തു മറുപടിപറയും?
ഒരിക്കല്‍ നമ്മള്‍ സ്നേഹിച്ചിരുന്ന മുഖങ്ങള്‍. ഒരിക്കല്‍ പ്രിയതരമായിരുന്ന കാഴ്ചകള്‍..
കേട്ട പാട്ടുകള്‍...പറഞ്ഞ വാക്കുകള്‍... വാക്കുകൊടുപ്പുകള്‍...
എല്ലാം മറവിയിലേക്ക്.. മറവി മനുഷ്യസഹജമെന്നോ ന്യായം?
ഓര്‍മയുള്ളത് ലാഭക്കണക്കുകള്‍.
ഇടപാടില്‍ നിന്ന് എനിക്ക് എന്ത് കിട്ടും?
പ്രണയത്തിനു പ്രതിഫലം എന്ത്? വാത്സല്യത്തിനു വാടകയെന്ത്?
ഇഷ്ടങ്ങള്‍ക്ക് വിലയിടുന്നതെന്ത്? സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും കടമെന്ത്?
ക്ഷമിക്കു; ചോദ്യങ്ങള്‍ അധികമാവുന്നു.
ചോദ്യം ചെയ്യലുകള്‍ നമുക്ക്‌ ഇഷ്ടമല്ലല്ലോ. ഉത്തരം പറയാനും ഇഷ്ടമല്ല.
പക്ഷെ ഒരു കാര്യം: എന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും 'നീ മറുപടി പറയണം!'.
ആരുടെയെങ്കിലും വാക്കു നമ്മള് കേള്‍ക്കുന്നുണ്ടോ? അനുസരിക്കുന്നത് പിന്നെയല്ലേ!
നമ്മള് പറയുന്നതോ? പറഞ്ഞു തീരുംമുമ്പെ എല്ലാവരും അനുസരിച്ചോണം!
കേള്‍വിയെക്കാള്‍ പറച്ചിലാണ് അധികം. വായനയെക്കാള്‍ വിളംപലാണ് അധികം.
ചിന്തയേക്കാള്‍ പ്രസംഗവും...
ആരെയും കേള്‍ക്കാതെയും അനുസരിക്കാതെയും തുണ കൂട്ടാതെയും
പായുന്ന ഒറ്റയാന്മാരാണധികവും.
എന്നെങ്കിലും എപ്പോഴെങ്കിലും ഒരു കണക്കെടുപ്പ് വേണ്ടേ?
ഈ കാഴ്ചകളും ഭൂമിയുടെ കാരുണ്യവും, വെള്ളവും വെയിലും,ആകാശവും,മേഘവും,
മഴയും,കാറ്റും, കിളികളും, മണ്ണും, പുഴയും,
മഞ്ഞും,മലയും, പൂക്കളും, പൂമ്പാറ്റയും, ആര്‍ക്കെങ്കിലും സ്വന്തമോ?
'നോക്കു‌ എന്തൊരു ഭംഗി' എന്ന് ആസ്വദിക്കാന്‍ എങ്കിലും ഒരാള്‍ വേണ്ടേ...

ഇതൊന്നുമില്ലെങ്കില്‍....
ഭാവനകളില്ലാത്ത ആ ലോകത്തേയ്ക്ക്.....